Puli Daivangal | പുലിദൈവങ്ങൾ
പുലിദൈവങ്ങൾ
ശിവൻ പുലിക്കണ്ടനായും പാർവ്വതി പുലിക്കരിങ്കാളിയുമായി പുലിരൂപം പൂണ്ട് കാട്ടിൽ രതി ക്രീഡകളാടി. പെൺപുലി താതനാർ കല്ലിന്റെ തായ്മടയിൽ അഞ്ചു പുലിക്കിടാങ്ങളെ പ്രസവിച്ചു. കണ്ടപ്പുലി, കാളപ്പുലി, മാരപ്പുലി, പുലിയൂർ കണ്ണൻ, പുലിമാരുതൻ എന്നീ അഞ്ചു പുലിക്കിടാങ്ങളാണു പുലിദൈവങ്ങൾ ഐവർ..പെൺ കുഞ്ഞ് വേണം എന്ന ആഗ്രഹത്താൽ പുലിക്കരിങ്കാളി പെറ്റ ഇളയ പുലിയാണു പുലിയൂർ കാളി. ഇര തേടിയിറങ്ങിയ പുലിക്കിടാങ്ങൾ കുറുമ്പ്രനാട്ട് സ്വരൂപം മുപ്പത്താറു കാതം നാട്ടിന്റെ ഉടയവനായ കുറുമ്പ്രാന്തിരി വാണവരുടെ കാലിയാലക്കലെത്തി. ആലയിൽക്കയറി പശുക്കളെ ഭക്ഷിച്ച് പുലർച്ചക്ക് മുൻപ് കാട്ടിലേക്ക് മടങ്ങി. നടുക്കുന്ന കാഴ്ച്ച കണ്ട കുറുമ്പ്രാന്തിരി വീരനായ കരിന്തിരി നായരെ ആലയുടെ കാവലാളാക്കി. ആലയ്ക്ക് സമീപം ഒളി ചമച്ച നായർ അമ്പും വില്ലുമായി കാത്തിരുന്നു. പാതിരാവോടെ പുലിക്കൂട്ടമെത്തി. അമ്പെടുത്ത് വില്ലിൽ ചേർക്കും മുൻപേ കണ്ടപ്പുലി ഒളിപ്പുറത്ത് തുള്ളി വീണു. കൂടെച്ചാടിയ കാളപ്പുലി അമ്പും വില്ലും തട്ടിക്കളഞ്ഞു. പുലി മാന്തിപ്പൊളിച്ച നായരുടെ രൂപമാണു കുറുമ്പ്രാന്തിരി രാവിലെ കണ്ടത്.
പുലികളല്ല പുലിരൂപം പൂണ്ട ദൈവങ്ങളാണെന്നു സ്വപ്ന ദർശ്ശനം നേടിയ കുറുമ്പ്രാന്തിരി പുലിദൈവങ്ങളെയും മരണത്തിലൂടെ ദൈവക്കരുവായി മാറിയ കരിന്തിരി നായരെയും ആരാധിക്കാൻ തുടങ്ങി. കുറുമ്പ്രനാട്ട് സ്വരൂപം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദേവീ ദേവന്മാരായി. പുലിദൈവങ്ങൾ പിന്നീട് മേക്കാളകുണ്ഡ മധുവനം, കീക്കാളകുണ്ട മധുവനം, മഞ്ചട്ടിയാൻ കുന്ന്, നായാട്ടിയാൻ പാറ, ഇടിമുഴങ്ങുന്ന കുന്ന്, നരിമുഴങ്ങുന്ന ചാൽ, തൊള്ളാർ വേലി, കുറുമ്പ്രാന്തിരികമ്മളം എന്ന പുരത്ത് മട എന്നിങ്ങനെയുള്ള ആസ്ഥാനങ്ങൾ ഉറപ്പിച്ച ശേഷം തുളുർവ്വനത്ത് വന്ന് ചേർന്ന് തുളുർവ്വനത്ത് ഭഗവതിയെ നായനാരായി കൽപ്പിച്ച് ആവാസമുറപ്പിച്ചു. വെള്ളപ്പനാട്ട് ഭട്ടതിരിയാണു പുലിദൈവങ്ങൾക്ക് ആദ്യമായി പൂവും നീരും പാലമൃതേത്തും നൽകി പൂജിച്ചത്. കൂടാതെ ഒടയംചാൽ കുന്നിനുമീത്തലുള്ള ഒമ്പത് കാതം നാട്ടിനകത്ത് കാട്ടു നായർ, തുളുച്ചേരിക്കുറുപ്പ്, പത്തക്കൽ ചെട്ടി, കാലിയാചെട്ടി എന്നിവർ പുലിദൈവങ്ങളുടെ ഇഷ്ടക്കാരായി മാറി.
ഏറാൽ,മേറാൽ,കുറ്റിക്കോൽ,ഒടുവഞ്ഞി,പാടി,പട്ടണത്ത്,പാലക്കുന്ന്,പുലിക്കുന്ന് എന്നിങ്ങനെ അനേകം ദൈവ സങ്കേതങ്ങളും ഐവർക്കുണ്ടായി. ഇക്കാലത്ത് രാമപുരത്ത് പൊതുവാൾ തന്റെ സഹായിയായ കാനാ വീട്ടുകാരൻ മണിയാണിയും കാരിയത്ത് തണ്ടയാൻ എന്ന തീയ്യ പ്രമാണിയുമായി കാലികളെ വാങ്ങുന്നതിനായി തുളുർവ്വനത്ത് ഉത്സവകാലത്ത് നടത്താറുള്ള കാലിചന്തയിൽ എത്തി.രാമരത്ത് കാരിയത്ത് തണ്ടാന്റെ ഭക്തിയും വിശ്വാസവും നന്നേ ഇഷ്ടപ്പെട്ട ദൈവങ്ങൾ തണ്ടയാന്റെ കുടയിൽ ആവേശിച്ച് രാമപുരത്തും അവിടന്ന് കണ്ടോത്തും എത്തി . തുടർന്ന് മല്ലിയോട്ട്, കുറ്റിയാട്ട്, കണ്ണോത്ത് അഞ്ചുതെങ്ങിൽ, പാറമ്മൽ, ആനക്കീൽ, മരത്തക്കാട്, ഉദയപുരം, കൊട്ടിയൂർ നന്മഠം തുടങ്ങി കോലസ്വരൂപത്തിലും അനവധി പ്രധാന സ്ഥാനങ്ങൾ നേടി.
Comments
Post a Comment