Angakulangara Bhagavathy | അങ്കക്കുളങ്ങര ഭഗവതി

അങ്കക്കുളങ്ങര ഭഗവതി 
(പടുവളത്തിൽ മൂവർ പരദേവതമാരിൽ ഒരാൾ ) 
പേര് പോലെ തന്നെ രണ ദേവതയാണ് അങ്കക്കുളങ്ങര ഭഗവതി .ഈ തെയ്യത്തിന് രണ്ടു ഐതിഹ്യങ്ങൾ കേട്ട് വരുന്നുണ്ട്.അല്ലോഹൻ എന്ന ദുഷ്പ്രഭുവിനെ വധിക്കാനായിട്ട് രയരമംഗലത്തമ്മയുടെ മൂന്നാം തൃക്കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഉഗ്ര ദേവതയാണ് എന്ന ഐതിഹ്യം ആണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. മറ്റൊന്ന് ദേവാസുര യുദ്ധ സമയത്ത് അസുരരെ നിഗ്രഹിക്കാൻ ആയിട്ട് രുധിരപ്പുഴയിൽ നിന്നും ഉണ്ടായ ദേവതയാണെന്നാണ്. " പണ്ടുള്ള മരകൾ അസുരാദികൾ പടപോരുമ്പോൾ ആയോരുധിരത്തിൽ പൊടിച്ചെഴുന്നുടയ മൂർത്തി " എന്ന് തോറ്റത്തിൽ പരാമർശിക്കുന്നുണ്ട്. പടുവളത്തിനും രയരമംഗലത്തിനും ഇടയിൽ ഉള്ള അങ്കക്കുളത്തിന്റെ കരയിൽ പടപ്പുറപ്പാട് നടത്തിയതിനാൽ അങ്കക്കുളങ്ങര ഭഗവതി എന്ന പേര് കൊണ്ടു .അമ്മയും നായനാരുമായ രയരമംഗലത്തമ്മയുടെ ആജ്ഞ പ്രകാരം യുദ്ധം ചെയ്ത് അള്ളോഹനെ വധിച്ച ഭഗവതി അടങ്ങാത്ത അരിശത്തോടെ രയരമംഗലം വടക്കേം വാതിലിൽ കൈയെടുത്തു.അവിടെ നിന്ന് രയരമംഗലത്തമ്മ കല്പിച്ച പ്രകാരം മഞ്ഞത്തൂർ കാവിൽ ശേഷിപ്പെട്ടു.മകളുടെ കോപം ശമിപ്പിക്കാനായി വിഷ്ണുമൂർത്തിയെയും രക്തചാമുണ്ഡിയെയും നിയോഗിച്ചു .എന്നാൽ കോപത്തിൽ മുഴുകിയ ഭഗവതി ഇവരെ കണ്ടതായി നടിച്ചില്ല.നിരാശരായ ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും കാവിൽ നിന്നും അല്പം കിഴക്ക് മാറി കൂടിയിരുന്നു. കാവിനകത്ത് തന്നെ കാണുന്ന മുണ്ട്യയാണ് ആ സ്ഥാനം.പിന്നീട് കോപം ശമിച്ചപ്പോൾ ഇവരുമായി കൂട്ടുകൂടി "പടുവളത്തിങ്കൽ പരദേവത മൂവർ "എന്ന പേരിൽ പുത്തിലോട്ട് അണ്ടാൾ തറവാട്ടിൽ നിലയുറപ്പിച്ചു. അവിടെ നിന്നും അള്ളടം നാട്ടിലും കോലസ്വരൂപത്തിന്റെ വടക്ക് ഭാഗങ്ങളിലും ഒരുപാട് കാവുകളിൽ പടുവളത്തിൽ മൂവർ പരദേവതമാരെ ആരാധിച്ചു പോരുന്നു.
reference : അമ്മത്തെയ്യങ്ങൾ -ശംഭു മാസ്റ്റർ കൊടക്കാട്

Comments

Popular posts from this blog

Pulli Bhagavathy | പുള്ളി ഭഗവതി

Manjalamma | മാഞ്ഞാളമ്മ