Kakkara Bhagavathy | കക്കര ഭഗവതി

കക്കര ഭഗവതി











പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന വാള്‍ ഒരിക്കല്‍ കാളകാട്ടു നമ്പൂതിരി പുഴയിലെറിഞ്ഞുവെന്നും ഒഴുകി വന്ന വാള്‍ പൂന്തോട്ടം എടുത്ത് തന്റെ ഇല്ലത്ത് പ്രതിഷ്ടിച്ചു എന്നുമാണ് ഐതിഹ്യം.
ദാരികാസുര വധം കഴിഞു ദേവി മാന്ത്രികനായ കാളകാട്ടു തന്ത്രിയുടെ മന്ത്രമൂര്‍ത്തിയായി. ഒരു നാള്‍ തൊട്ടിലില്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ‘ഇതിന്റെ കരച്ചില്‍ നിര്‍ത്താന്‍ ആരുമില്ലേ’ എന്ന് കയര്‍ത്തപ്പോള്‍ ദേവി കുഞ്ഞിനെ കൊന്നുവത്രേ. ഇതറിഞ്ഞ കാളകാടര്‍ ഭഗവതിയുടെ മുദ്രയായ വെള്ളിവാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഒഴുകിയെത്തിയ വെള്ളിവാള്‍ പൂന്തോട്ടം നമ്പൂതിരി ഭക്തിപൂര്‍വ്വം കയ്യേറ്റു കാവില്‍ പ്രതിഷ്ടിച്ചു. കക്കര കാവില്‍ പ്രതിഷ്ടിച്ചത് കൊണ്ട് കക്കര ഭഗവതിയായി. രൌദ്രമൂര്‍ത്തിയായ ഈ രണദേവത പഴങ്കഥ പാടുന്നതെങ്ങിനെയെന്നു നോക്കൂ:

 “എടുത്തെറിഞ്ഞതോ എന്റെ കാളകാട്… വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം”

 കുത്തി നിര്‍ത്തിയ ഉടയില്‍ തീപന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുന്ന ഈ ദേവി ക്രോധഭാവം വളരെയധികം ഉള്ള ഉഗ്രമൂര്ത്തികളില്‍ ഒന്നാണ് എന്നുള്ളത് കൊണ്ട് ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ചെണ്ടയുടെ ആസുര താളത്തില്‍ ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും അത് പോലെ ഭീതി നിറക്കുന്നതാണ്.
 മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, ചെക്കിചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്.


Comments

Popular posts from this blog

Pulli Bhagavathy | പുള്ളി ഭഗവതി

Manjalamma | മാഞ്ഞാളമ്മ