KaariGurukkal | കാരിഗുരിക്കൾ

 കാരിഗുരിക്കൾ

കുഞ്ഞിമംഗലത്ത് ചേണിച്ചേരി വീട്ടിൽ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷിനടത്താൻ തിരുവർകാട്ട് കാവിൽ നിന്നും കൂട്ടികൊണ്ട് വന്ന അടിയാന്മാരായ വള്ളിക്കുടിച്ചിവിരുന്തിയ്ക്കും മണിയൻ കാഞ്ഞാനും കല്യാണം കഴിച്ച് അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാർകുരിക്കളുടെ കീഴിൽ കാരി അക്ഷരവിദ്യ പഠിച്ചു.കളരിവിദ്യ പഠിക്കണമെന്ന് ആശ ജനിച്ചെങ്കിലും പുലയനായതിനാൽ കളരിയിൽ പ്രവേശനം ലഭിച്ചില്ല. ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മി അതിനൊരു പരിഹാരം കണ്ടു. പേരു മാറ്റി ,തന്റെ പേരും വീട്ടുപേരും മേൽവിലാസമായി മാറ്റിപ്പറയാൻ അനുവദിച്ചു.അപ്രകാരം കാരി മാടായിക്കളരി,നെക്കണം കളരി,തുടങ്ങിയ പതിനെട്ടു കളരികളിൽ ചേർന്ന് വിദ്യ പഠിച്ചു. ചോതിയാൻ കളരിയിൽ നിന്നും ആൾമാറാട്ടവിദ്യയും പഠിച്ചു. കാരി മാടായി കളരിയിൽ തിരിച്ച് വന്നതിനു ശേഷം കാരിക്ക് കുരിക്കൾ (ഗുരിക്കൾ) സ്ഥാനം ലഭിച്ചു.മന്ത്രവാദക്കുരിക്കളായി മന്ത്രവാദം നടത്തുവാനുള്ള അനുവാദം ചേണിച്ചേരി കുഞ്ഞമ്പു നൽകി.അള്ളടം നാട്ടിലെ തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാൻ വിളി ആറു തവണ വന്നിട്ടും കുഞ്ഞമ്പു പോകാൻ അനുവദിച്ചില്ല.ഏഴാമത് ചെമ്പോല പ്രമാണമാണ് വന്നത്, കാരിയെ അയച്ചാൽ പകുതി സ്വത്ത് കൊടുക്കാമെന്ന് തരവിൽ എഴുതിയിരുന്നു.കാരികുരിക്കൾ ശിഷ്യന്മാരുമായി പുറപ്പെട്ടു.അള്ളടം കോവിലകത്ത് എത്തി.മന്ത്രവാദം തുടങ്ങി.ബാധയിളകി തുള്ളിത്തുടങ്ങി, കുരിക്കളുടെ കൈയിൽ നിന്നും മദ്യം വാങ്ങികുടിച്ചത് മറ്റുള്ളവർക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോൾ തമ്പുരാക്കന്മാരുടെ വിധം മാറി .സ്വത്ത് പകുതി നൽകാൻ അവർ തയ്യാറല്ലായിരുന്നു. ചെമ്പോല പ്രകാരം തരണമെങ്കിൽ പുലിപ്പാലും നരി ജടയും കൊണ്ടുവരണം എന്നായി കല്പന.കാരികുരിക്കൾക്ക് ആൾമാറാട്ട വിദ്യ അറിയാമെന്നതിനാൽ വീട്ടിൽ പോയി എല്ലാവരോടും തന്റെ ഉദ്ദേശം പറയുന്നു. രാത്രി താൻ പുലിവേഷം പൂണ്ട് വരുമ്പോൾ അരി കഴുകിയ വെള്ളം മുഖത്തൊഴിക്കണമെന്നും, പച്ചച്ചാണകം കലക്കിയ വെള്ളത്തിൽ ചൂൽ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടിൽ ചെന്ന് പുലിവേഷം കെട്ടി പുലിരൂപത്തിൽ പുലിപ്പാലും നരിച്ചടയും കൊണ്ട് വന്ന് കോവിലകത്ത് പടിക്കൽ വെച്ചു.അതേ വേഷത്തിൽ വീട്ടിൽ രാത്രിയിലെത്തി. ഭാര്യ പുലിവേഷം കണ്ട് ഭയന്ന് വാതിൽ തുറന്നില്ല.ചെയ്യാൻ പറഞ്ഞതെല്ലം അവർ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളർന്ന് തിന്നു.സ്വന്തം രൂപം തിരിച്ചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു.പുലിപാതാളത്തിൽ ലയിച്ചു. കുറച്ച് നാൾക്കുള്ളിൽ അള്ളടം തമ്പുരാന് ബാധയിളകി.പുലിമറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്നു കണ്ട് ചേണിച്ചേരി കുഞ്ഞമ്പുവിനു സ്വത്തിൽ പാതി നൽകി.കാരിയുടെ രൂപം സ്വർണ്ണം കൊണ്ട് ഉണ്ടാക്കി കാരികുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.

Comments

Popular posts from this blog

Pulli Bhagavathy | പുള്ളി ഭഗവതി

Manjalamma | മാഞ്ഞാളമ്മ